Azadi Ka Amrit Mahotsav (AKAM) Lecture 09
by Prof. K. Satchidanandan
Moderator: Prof.J.Devika
ബാലാമണിയമ്മയുടെ ലോകങ്ങള്‍
സച്ചിദാനന്ദന്‍
പ്രസംഗസംഗ്രഹം
ബാലാമണിയമ്മയുടെ കവിതയുടെ പ്രധാന ഊര്‍ജ്ജകേന്ദ്രം കേരള നവോത്ഥാനകാലത്തുണ്ടായ സ്ത്രീജാഗരണമാണ്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് ഉയര്‍ന്നുവന്ന ‘സുഗുണ ബോധിനി’ മുതലുള്ള അനേകം സ്ത്രീമാസികകളിലെയും ഇതരപ്രസിദ്ധീകരണങ്ങളിലെയും സ്ത്രീവിദ്യാഭ്യാസവും വിമോചനവുമായി ബന്ധപ്പെട്ടു നടന്ന ചര്‍ച്ചകള്‍, മലബാര്‍ വിവാഹനിയമത്തിലൂടെ (1896) നടപ്പിലാക്കപ്പെട്ട ഏക ഭാര്യാത്വം,1919-ല്‍ തിരുവിതാംകൂറില്‍ സ്ത്രീകള്‍ക്ക് നല്‍കപ്പെട്ട വോട്ടവകാശം, ‘22 മുതല്‍ ലഭിച്ച പ്രതിനിധിസഭാപ്രാതിനിദ്ധ്യം, സ്ത്രീ-പുരുഷ വിഭജനം സാമൂഹ്യക്രമത്തിന്റെ സ്വാഭാവികമായ അടിസ്ഥാനമല്ലെന്ന കണ്ടെത്തല്‍, നവോത്ഥാനത്തിലെ- ‘ഇന്ദുലേഖ’യിലും മറ്റും പ്രതിഫലിക്കുന്ന- ലിംഗയുക്തിയുടെ വിമര്‍ശം, സ്ത്രീകള്‍ക്കിടയില്‍ തന്നെയുള്ള വര്‍ഗവ്യത്യാസങ്ങളുടെയും അവയുടെ പ്രതിഫലനമായ രണ്ടു തരം സ്ത്രീസങ്കല്‍പ്പങ്ങളുടെയും കണ്ടെത്തല്‍, ഇന്ത്യയിലെ സുദീര്‍ഘമായ സ്ത്രീകവിതാപാരമ്പര്യത്തെക്കുറിച്ചുള്ള അറിവുകള്‍, സ്വാതന്ത്ര്യസമര വുമായി ബന്ധപ്പെട്ടു സ്ത്രീകള്‍ക്കിടയിലുണ്ടായ നവദേശീയബോധം, അക്കാലത്ത് പ്രബലമായ ഇന്ത്യന്‍ മിത്തുകളുടെയും പുരാണങ്ങളുടെയും പുനര്‍വായന, ഗാന്ധിയുടെ അഹിംസാതത്വവും സര്‍വ്വധര്‍മ്മ സഹഭാവവും സത്യഗ്രഹവും, ഉയര്‍ന്നു വന്ന പുതിയ ജനാധിപത്യബോധം, ഭാഷയെ മാനകമാക്കിയ ഐക്യകേരള പ്രസ്ഥാനം, സമകാലീനരായിരുന്ന ലളിതാംബിക അന്തര്‍ജ്ജനം, കെ സരസ്വതിയമ്മ തുടങ്ങിയ കഥാകാരികളും അമ്പാടി ഇക്കാവമ്മ, അമ്പാടി കാര്‍ത്ത്യായനിയമ്മ, മേരി ജോണ്‍, മേരി ബനീഞ്ഞ തുടങ്ങിയ കവികളുമായുണ്ടായ നിശ്ശബ്ദസംവാദങ്ങള്‍, ചെറുശ്ശേരിയും എഴുത്തച്ഛനും പൂന്താനവും മുതല്‍ സമകാലീനരായിരുന്ന വൈലോപ്പിള്ളി, ഇടശ്ശേരി, പി കുഞ്ഞിരാമന്‍ നായര്‍ തുടങ്ങിയവര്‍ വരെയുള്ള കവികളുടെ വായന- ഇതിന്റെയെല്ലാം സവിശേഷവും സ്വഭാവനാനുസൃതവുമായ ആഗിരണം, നാലപ്പാട്ട് കുടുംബത്തിന്റെ പശ്ചാത്തലം ഇവ ബാലാമണിയമ്മ എന്ന കവിയുടെ നിര്‍മ്മാണത്തില്‍ പങ്കു കൊണ്ടിട്ടുണ്ട്.
ഒരേ സമയം ലോകത്തില്‍ ഉള്‍പ്പെടുകയും നിര്‍മ്മമത പുലര്‍ത്തുകയും ചെയ്യുന്ന അവരുടെ സമീപനത്തില്‍ ഭക്തികവികളുടെയും ഗാന്ധിയുടെയും ഭക്തിയോഗ-കര്‍മ്മയോഗ സമന്വയത്തിന്റെയും സ്വാധീനമുണ്ടെന്നു വരാം. നീതിയുടെയും സ്വാതന്ത്ര്യത്തിന്റെയും പക്ഷത്തായതുകൊണ്ടാണ് അവര്‍ സ്ത്രീപക്ഷത്തും ആയത്. പരാധീനവും ഹിംസാത്മകവും അനീതിപൂര്‍വ്വകവുമായ ഒരു ലോകത്തില്‍ സ്ത്രീയ്ക്ക് മാത്രം വിമോചനം സാധിക്കുമെന്ന് അവര്‍ കരുതിയില്ല. സ്ത്രീയ്ക്കെതിരായ ഹിംസയെ സവിശേഷമായി കാണുമ്പോള്‍ തന്നെ, ഹിംസ എന്ന പൊതുവായ മനുഷ്യ തിന്മയുടെ ഭാഗം കൂടി ആയാണ് അവര്‍ അതിനെ മനസ്സിലാക്കിയത്. അതുകൊണ്ടാണ് അവരുടെ കവിത എല്ലാ ഹിംസയെയും അസമത്വത്തെയും ചൂഷണത്തെയും അനീതിയെയും എതിര്‍ത്തത്. സരസ്വതിയമ്മയില്‍ കാണുന്ന പുരുഷവിദ്വേഷത്തെക്കാള്‍, ലളിതാംബികയില്‍ കാണുന്ന പൊതുവായ ഹിംസാവിരോധവും കരുണയും നീതിബോധവുമാണ് ബാലാമണിയമ്മയില്‍ കാണുക.സ്ത്രീകളെ അവര്‍ ഏകശിലാരൂപമായി കണ്ടില്ല, പുരുഷരെ എന്ന പോലെ തന്നെ.
വധു, ഭാര്യ, അമ്മ, അമ്മൂമ്മ, വീട്ടുകാരി, വേലക്കാരി, ഉദ്യോഗസ്ഥ, കാമുകി, ദുര്‍ഗ്ഗ ഇവരെല്ലാം പ്രത്യക്ഷമാകുന്ന ഒരു സ്ത്രീലോകമാണ് അവരുടെ ആദ്യലോകം. ഇന്ത്യന്‍ സ്വാതന്ത്ര്യം, ഗാന്ധിയന്‍ മൂല്യങ്ങള്‍, സംസ്കാരം, സമകാലീനബോധത്തില്‍ നിന്ന് പുതുതായി വായിച്ചെടുക്കുന്ന, പല വിശ്വാസങ്ങളെയും ശക്തമായി ചോദ്യം ചെയ്യുന്ന, പാരമ്പര്യം ഇവയൊക്കെ ഉള്‍ച്ചേര്‍ന്ന സാമൂഹ്യലോകമാണ് രണ്ടാമത്തേത്.മനുഷ്യന് പ്രകൃതിയും പ്രപഞ്ചവും ജഗന്നിയന്താവുമായുള്ള ബന്ധത്തിന്റെ സ്വഭാവം തേടുന്ന ആത്മീയലോകമാണ് മൂന്നാമത്തേത്. ഇവ അവരുടെ കവിതയില്‍ വേറെ വേറെയായികിടക്കുന്നില്ല, ഒരൊറ്റ ലോകദര്‍ശനത്തിന്റെ ജൈവഭാഗങ്ങളായി വര്‍ത്തിക്കുന്നു.
അമ്മയുടെയും കുട്ടിയുടെയും വൈകാരിക ലോകം മുന്നിട്ടു നില്‍ക്കുന്ന ഒരു ആദ്യഘട്ടം അവരിലുണ്ട്, അവിടെ ലോകം കുഞ്ഞാകുന്നു, വികൃതി മനോജ്ഞമാകുന്നു, പ്രകൃതി അമ്മയും ‘ഞാന്‍’ കുഞ്ഞുമാകുന്നു (കൂപ്പുകൈ, അമ്മ, കുടുംബിനി, ധര്‍മ്മമാര്‍ഗ്ഗത്തില്‍, ഭാവനയില്‍, സ്ത്രീഹൃദയം, പ്രഭാങ്കുരം,ഊഞ്ഞാലില്‍, കളിക്കൊട്ട) രണ്ടാമത്തെ, സമൂഹം മുന്നോട്ടു വരുന്ന ഘട്ടത്തില്‍ ലോകത്തിന്റെ രോഗങ്ങള്‍ ചികിത്സിച്ചു മാറ്റുന്ന അമ്മയാണുള്ളത്. ഇവിടെ പുരാണകഥകളും ഐതിഹ്യങ്ങളും മറ്റും വര്‍ത്തമാന മനുഷ്യാവസ്ഥ യുടെ രൂപകങ്ങളാകുന്നു, നാടകീയ സ്വഗതാഖ്യാനങ്ങളെ തന്റെ ഒരു പ്രധാന കാവ്യരൂപമായി അവര്‍ ഈ ഘട്ടത്തില്‍ കണ്ടെത്തുന്നു. ( മഴുവിന്റെ കഥ, വിശ്വാമിത്രന്‍, വെളിച്ചത്തില്‍, അവര്‍ പാടുന്നു, പ്രണാമം, ലോകാന്തരങ്ങളില്‍, മുത്തശ്ശി, അമ്പലത്തില്‍, നഗരത്തില്‍) മൂന്നാമത്തെ സമന്വയ ഘട്ടത്തില്‍ വ്യക്തി സമൂഹത്തിന്റെ അംശവും ഉത്പന്നവുമാകുന്നു. അവയെ മുറിപ്പെടുത്തിയതില്‍ ദു:ഖിച്ച് ശരശയ്യ വരിക്കുന്ന ഭീഷ്മര്‍, കുടുംബം ഉപേക്ഷിച്ചവന് വേടനെ ശപിക്കാന്‍ അധികാരമില്ലെന്ന് കണ്ടെത്തുന്ന വാല്‍മീകി ഇവരെയൊക്കെ ഇക്കാലത്ത് കാണാം. ( നിവേദ്യം, സോപാനം) ധര്‍മ്മത്തിന്റെ സമകാലീനമായ പുനര്‍ നിര്‍വചനം, ജീവിതാംഗീകാരം, മണ്ണും മമതയും നിഷേധിക്കാത്ത ദാര്‍ശനിക ഗഹനത, മന:ശാസ്ത്രപരമായ ഉള്‍ക്കാഴ്ച, ദുഃഖ, കാരുണ്യ വിശുദ്ധി ഇവയെല്ലാം ഈ മൂന്നു ഘട്ടങ്ങളെയും ബന്ധിക്കുന്നു.